District News
പട്ടാമ്പി: പട്ടാമ്പി ടൗണിൽ റോഡുനവീകരണത്തിന്റെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണത്തിനിടെ പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങി. മേലേ പട്ടാമ്പി അലക്സ് തീയേറ്ററിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അഴുക്കുചാൽ നിർമാണത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പണിക്കിടെയാണ് പുതുതായി സ്ഥാപിച്ച പൈപ്പു പൊട്ടിയത്.
നിള ആശുപത്രിമുതൽ കുളപ്പുള്ളി ഐപിടി കോളജ് വരെയുള്ള പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് മേലെ പട്ടാമ്പിയിൽ അഴുക്കുചാൽ നിർമിക്കുന്നത്.
ഒരാഴ്ചയോളമായി ഇവിടെ പണിതുടങ്ങിയിട്ട്. നിലവിൽ കുടിവെള്ളപ്പൈപ്പുകൾ മാറ്റിസ്ഥാപിച്ച ഭാഗത്താണ് അഴുക്കുചാലും പണിയുന്നത്.
പമ്പിംഗ് നിർത്തിവച്ച് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പൈപ്പ് നന്നാക്കൽ പ്രവൃത്തികൾ തുടരുകയാണ്. നിർമാണത്തിൽ അശാസ്ത്രീയുണ്ടെന്നു പ്രദേശത്തുകാർ ആരോപിക്കുന്നു. വേണ്ടത്ര ആഴത്തിലല്ല കുടിവെള്ളപ്പൈപ്പുകൾ സ്ഥാപിക്കുന്നതെന്നാണ് പരാതി.
പലയിടങ്ങളിലും വേണ്ടത്ര ആഴത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാത്തതിനാൽ അഴുക്കുചാലിനു തൊട്ടുതാഴെയായിട്ടാണ് പൈപ്പുകൾ വരുന്നതെന്നും ഭാവിയിൽ പൈപ്പ് പൊട്ടിയാൽ ശരിയാക്കാൻ അഴുക്കുചാൽ പൊളിക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും ഇവർ പറയുന്നു. പൈപ്പ് പൊട്ടിയാൽ മലിനജലം കുടിവെള്ളത്തിൽ കലരാനും ഇടവരുമെന്നും ശാസ്ത്രീയമായി പണികൾ ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
District News
പേരാവൂർ: പ്രദേശത്തെ വിവിധ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും വിതരണം നടത്താത്ത പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് പത്താം വാർഡ് മെംബർ ജൂബിലി ചാക്കോ സ്വന്തം നിലയ്ക്ക് വാർഡിൽ കുടിവെള്ള വിതരണം നടത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ഭരണസമിതി യോഗത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡിൽ കുടിവെള്ള വിതരണം തുടങ്ങിയത്.
പാലപ്പുഴയിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്ന കിണറിൽ നിന്നാണ് പേരാവൂരിലെ പത്താം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്തത്.
വാർഡ് മെംബർ സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ചാണ് നാട്ടുകാർക്ക് ഇത്തരത്തിൽ കുടിവെള്ളമെത്തിച്ചു നൽകുന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും ഇത് സംബന്ധിച്ച് പരാതി പറയുകയും ചെയ്തിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ കുടിവെള്ളം വിതരണം ചെയ്തതെന്ന് ജൂബിലി ചാക്കോ പറഞ്ഞു.
District News
പെരിഞ്ഞനം: വീണ്ടും വില്ലനായി ദേശീയപാത കരാർ കമ്പനി; പെരിഞ്ഞനം പഞ്ചായത്തിൽ കുടിവെള്ളം മുട്ടിച്ചു. വാട്ടർ അഥോറിറ്റി ഓഫീസിനുമുന്പിൽ പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടേയും സമരം. തീരദേശപഞ്ചായത്തായ പെരിഞ്ഞനത്തെ 13, 14 എന്നീ വാർഡുകളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നുമാസത്തോളമായി. പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശത്തെ വീട്ടുകാർ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടാണ് കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാരുടെ അശ്രദ്ധയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത്. കുടിവെള്ളം മുടങ്ങിയ തിനെ തുടർന്ന് നാട്ടുകാർ വലിയ ദുരിതത്തിലായിരുന്നു. നിരവധിതവണ പ്രദേശവാ സികൾ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരോടു പ്രശ്നത്തെക്കുറിച്ചു പരാതി ഉന്നയിച്ചെ ങ്കിലും പരിഹരിക്കപ്പെട്ടില്ല. ഇതേത്തുടർന്ന് പെരിഞ്ഞനം പഞ്ചായത്ത് അംഗങ്ങൾ ബന്ധപ്പെട്ട അധികൃതരെ പ്രശ്നപരിഹാരത്തിനുവേണ്ടി സമീച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതോടെ പ്രതിഷേധം ശക്തമായി.
അങ്ങനെയാണ് പെരിഞ്ഞനം പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായി വാട്ടർ അഥോറിറ്റി മതിലകം സെക് ഷൻ ഓഫീസിനു മുന്നിൽ സമരം നടത്തിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുപൊട്ടിയത് ശരിയാക്കേണ്ടത് നിർമാണ കമ്പനിയാണെന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ സമരക്കാരോടു വ്യക്തമാക്കി.
നിർമാണക്കമ്പനിയുടെ കരാറുകാരനുമായി ബന്ധപ്പെട്ട് നാലുദിവസത്തിനുള്ളിൽ പൈപ്പ് ശരിയാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മതിലകം പഞ്ചായത്തിലെ പൂവത്തും കടവ് പ്രദേശത്തും കരാർ കമ്പനിയുടെ അശ്രദ്ധയാൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം ലഭിക്കാത്തതിനാൽ പഞ്ചായത്ത് അംഗം സുനിൽ പി. മേനോന്റെ നേതൃത്വത്തിൽ നാട്ടുകാർ സർവീസ് റോഡ് ഉപരോധിച്ചിരുന്നു. മതിലകം പോലീസ് എത്തി നടത്തിയ ചർച്ചയിലാണ് കരാർകമ്പനി അധികൃതർ പ്രശ്നപരിഹാരത്തിന് അതിവേഗം നടപടി സ്വീകരിച്ചത്.
മതിലകം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഷീബ മുരളി, പെരിഞ്ഞനം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. കരീം, സ്മിത സന്തോഷ്, ടി.എൽ. ഗോപിനാഥൻ, പഞ്ചായത്തംഗങ്ങളായ കെ.സി. രവീന്ദ്രൻ, ഹഷീറ ബഷീർ, ഷംല ഷെഫീഖ്, പ്രീതി സന്ദീപ്, ബിന്ദു ജയൻ എന്നിവർ നേതൃത്വം നൽകി.
District News
കാഞ്ഞിരപ്പള്ളി: കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധർ. ഇടക്കുന്നം തീരദേശം പ്രദേശത്ത് വല്ലപ്പുഴയിൽ ഷാനവാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് സാമൂഹികവിരുദ്ധർ കരിഓയിൽ ഒഴിച്ചത്.
വീട്ടുകാരെ കൂടാതെ അയൽവാസികളായ മൂന്നുപേർകൂടി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ കിണറ്റിലെ വെള്ളമായിരുന്നു. ചൊവ്വാഴാച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് കിണറ്റിൽ കരിഓയിൽ ഒഴിച്ചത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഷാനവാസ് പറഞ്ഞു. കരി ഓയിൽ വീണതോടെ കിണറ്റിലെ വെള്ളമാകെ ഉപയോഗശൂന്യമായി മാറി.
ഓയിൽ കിണറ്റിലെ വെള്ളത്തിന്റെ മുകളിലാകെ പരന്നുകിടക്കുകയാണ്. സ്ഥലത്തെത്തിയ വാർഡ് മെംബർ വി.ടി. രഞ്ജിത്ത് കാഞ്ഞിരപ്പള്ളി പോലീസിലും പാറത്തോട് ഫാമിലി ഹെൽത്ത് സെന്ററിലും വിവരമറിയിച്ചതിനെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. വിനോദ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ എന്നിവർ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. കോട്ടയത്ത് വാട്ടർ അഥോറിറ്റി ലാബിൽ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടുത്ത വേനലിലും വറ്റാത്ത കിണറായിരുന്നു ഇത്. കിണർ തേകിയതിനുശേഷം വരുന്ന വെള്ളത്തിലും ഓയിലിന്റെ അംശമുണ്ട്.
District News
ചെറായി: എടവനക്കാട് പഞ്ചായത്തിൽ കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടമോടുന്നു. തീരമേഖലയിൽ തൊണ്ട നനക്കാൻ പോലും തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്. മൂന്നാഴ്ചയോളമായി ഒന്ന് , 16 വാർഡുകളിൽ കുടിവെള്ളം എത്തിയിട്ട് . ഇപ്പോൾ 13-ാം വാർഡിലും വെള്ളമെത്താതായിട്ടുണ്ട്.
നോന്പ് കാലമായതിനാൽ കുടിവെള്ളം എത്താത്തത് ഏറെ ദുരിതമായിരിക്കുകയാണ്. എന്നാൽ പഞ്ചായത്താകട്ടെ വാട്ടർ അഥോറിട്ടിയുമായി ബന്ധപ്പെട്ട് പരിഹാരമാർഗങ്ങൾ ആരായാതെ ഏതാനും ഇടങ്ങളിൽ തീരെ ചെറിയ ടാങ്കറിൽ വെള്ളം എത്തിച്ചു കൊടുക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം കുടിനീർ ക്ഷാമം അനുഭവപ്പെടുന്ന മറ്റു പഞ്ചായത്തുകൾ എല്ലാം തന്നെ വാട്ടർ അതോറിറ്റി ഓഫീസിൽ ചെന്ന് കുത്തിരിപ്പു സമരം നടത്തി പരിഹാരം ഉണ്ടാക്കിയതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതിനിടെ എടവനക്കാടുള്ള വാട്ടർ ടാങ്കിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളം വാട്ടർ അഥോറിറ്റി കരാർ ജീവനക്കാരൻ തോന്നിയ പോലെ തിരിച്ച് വിട്ടിട്ടാണ് പലയിടങ്ങളിലും കുടിവെള്ളമെത്താത്തതെന്ന് നാട്ടുകാരും ചില വാർഡ് മെമ്പർമാരും ആരോപിച്ചു.
District News
ഇരിങ്ങാലക്കുട: കുടിവെള്ള വിതരണം തടസപ്പെട്ടതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. കെഎസ്ടിപിയുടെ പണികള്‍ നടത്തുന്നതിനാല്‍ ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി രണ്ടാഴ്ചയായി ഇരിങ്ങാലക്കുട നഗരവാസികള്‍ക്ക് വെള്ളമില്ല.
അതില്‍ പ്രതിഷേധിച്ചു ധര്‍ണയും ജല അഥോറിറ്റിയുടെ ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി. ചാര്‍ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് അധ്യക്ഷതവഹിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ അഡ്വ.വി.സി. വര്‍ഗീസ്, റോണി പോള്‍ മാവേലി, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അസറുദ്ദീന് കളക്കാട്, ജോസഫ് ചാക്കോ, വിജയന് ഇളയേടത്ത് എന്നിവര്‍ നേതൃത്വം നല്കി.
എല്‍ഡിഎഫ്
പ്രതിഷേധം
ഇരിങ്ങാലക്കുട: കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വണ്ടിയില്‍ കുടിവെള്ളം എത്തിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തനത് ഫണ്ടില്‍ നിന്നു തുക വിനിയോഗിക്കുന്നതിന് ഫെബ്രുവരി ഒമ്പതിന് ഉത്തരവ് ഇറങ്ങിയിട്ടും ഇതുവരെയായിട്ടും നഗരസഭ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള കിയോക്സുകള്‍ അറ്റകുറ്റപ്പണിനടത്തി വെള്ളം നിറയ്ക്കാനും ഒരു നടപടിയും എടുത്തിട്ടില്ല. ടൗണില്‍ കെഎസ്ടിപി റോഡുപണിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണവും വൈകുന്നുണ്ട്.
അതിനാല്‍ അടിയന്തരമായി നഗരസഭ കോളനി ചേരിപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും വെള്ളമെത്തിക്കാന്‍ നഗരസഭ തയാറാകണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. കെ.എസ്. പ്രസാദ് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, വിമി ബിജേഷ്, രമ്യാ ഷിബു, അശ്വതി, സിന്ധു കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: കല്ലൂർ പുഴയുടെ വിവിധ ഭാഗങ്ങളിൽ തടയണകൾക്ക് ഷട്ടർ സ്ഥാപിക്കാത്തത് മാതമംഗലം, മണ്ണൂർക്കുന്ന്, ചുണ്ടക്കര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. കഴിഞ്ഞ വർഷങ്ങളിൽ തടയണകൾക്ക് ഷട്ടർ ഇട്ടതിനാൽ ഈ പ്രദേശങ്ങളിൽ വേനലിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഈ വർഷം പാലം നിർമാണം ചൂണ്ടിക്കാട്ടി ചെക് ഡാമുകളിൽ ഷട്ടർ ഇടാൻ ചെറുകിട ജലസേചന വകുപ്പ് അനുമതി നിഷേധിച്ചതാണ് കുടിവെള്ളപ്രശ്നത്തിന് ഇടയാക്കുന്നത്. മണ്ണൂർക്കുന്നിലെ ജലനിധി പദ്ധതിയുടെ ഭാഗമായ കിണറുകളിൽ വെള്ളം വൻതോതിൽ കുറഞ്ഞതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നന്പിക്കൊല്ലി തടയണയിൽ കൃഷി ആവശ്യം മുൻനിർത്തി ഷട്ടർ സ്ഥാപിച്ചതും കല്ലൂർ പുഴയുടെ താഴ്ന്ന ഭാഗങ്ങളിലേക്ക് ജലപ്രവാഹം കുറയുന്നതിന് കാരണമായി.
കുടിവെള്ളപ്രശ്നം കൂടുതൽ രൂക്ഷമാകാതിരിക്കുന്നതിന് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
രാമങ്കരി: വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടിൽ അടിയന്തരമായി കുടിവെള്ളം വിതരണം നടത്താൻ സർക്കാർ തയാറാകണമെന്ന് മങ്കൊന്പ് മണ്ധലം കോൺഗ്രസ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കർഷകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. മണ്ധലം കോൺഗ്രസ് പ്രസിഡന്റ് മനോജ് രാമമന്ദിരം അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.ജി. രഞ്ജിത്ത്, ജോളി ജോസഫ്, ലിജോ മാത്യു കുഞ്ഞുമോൻ തുറവശേരി, കുഞ്ഞച്ചൻ കോയിപ്പള്ളി, മനോജ് പുല്ലാത്തശെരി, പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊന്പിൽ 7ന് എത്തിച്ചേരുന്ന കെ.സി.വേണുഗോപാൽ എംപി ക്കും 25ന് രാമങ്കരിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ നേതൃത്വത്തിലെത്തുന്ന പുതുയുഗ യാത്രയ്ക്കും വൻ സ്വീകരണം നല്കുവാനും മങ്കൊന്പ് മണ്ധലത്തിൽ നിന്നും 250 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
District News
മലമ്പുഴ: മലമ്പുഴ പ്രധാന റോഡരികിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ടു പ്രതിഷേധിച്ചു. രണ്ട് മാസത്തിലധികം പിന്നിട്ടിട്ടും നടപടി ആയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എത്രയുംവേഗം ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇലകൾ കൊഴിഞ്ഞവീണ് ചീഞ്ഞനാറ്റവും കൊതുകു ശല്യവും വർധിച്ചിരിക്കുകയാണെന് പരിസരവാസികൾ പറഞ്ഞു. റോഡ് കുഴിച്ചുവേണം കേടുപാടുകൾ ശരിയാക്കാനെന്നും റോഡ് വെട്ടിപ്പൊളിക്കുന്നതിനു അനുവാദം ചോദിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അനുവാദം ലഭിക്കുന്ന മുറയ്ക്ക് പെട്ടെന്ന് ശരിയാക്കുമെന്നും വാട്ടർ അഥോറിറ്റി മലമ്പുഴ സെക്ഷൻ എ ഇ അറിയിച്ചു.
District News
മംഗലംഡാം: കുടിവെള്ളത്തിനും ഉന്നതിക്കു ചുറ്റുമുള്ള സോളാർ ഫെൻസിംഗ് കൂട്ടിമുട്ടിച്ച് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികകല്ലിലെ ആദിവാസി കുടുംബങ്ങൾ സമരത്തിനിറങ്ങുന്നു.
64 കുടുംബങ്ങൾ കഴിയുന്ന ഉന്നതിക്കു ചുറ്റും 95 ശതമാനത്തിലേറെ ദൂരവും വനാതിർത്തിയിൽ തൂക്കുവേലി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഉന്നതിയുടെ തെക്ക് വടക്കു ഭാഗത്തായി ഫെൻസിംഗ് കൂട്ടിമുട്ടിക്കാനുണ്ട്. ഇത് 200 മീറ്ററിൽ താഴെ മാത്രമെ ദൂരമുള്ളു. ഈ ഭാഗത്തുകൂടി വേലി സ്ഥാപിച്ചാൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഉന്നതിയിലെത്തുന്നതിന് പരിഹാരമാകുമെന്ന് ഉന്നതിയിൽ വടക്കുഭാഗത്തെ താമസക്കാരനായ രാജപ്രിയൻ പറഞ്ഞു.
വനാതിർത്തിയിൽ ചാലുപോലെയുള്ള താഴ്ന്ന ഭാഗങ്ങളിൽ തൂക്കുവേലി ഉയർന്നു നിൽക്കുന്നതിനാൽ അതിനടിയിലൂടെ വന്യമൃഗങ്ങൾ കടന്നുവരുന്നുണ്ട്. ഇതിന് പരിഹാരം കാണണം. ആനക്കു പുറമെ കരടി, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾ കൂടുതലുള്ള പ്രദേശമാണിത്. സന്ധ്യയായാൽ കടപ്പാറയിൽ നിന്നും തളികകല്ല് ഉന്നതിയിലേക്കുള്ള വഴിയിലും ആനക്കൂട്ടങ്ങളുണ്ടാകും.
അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഉന്നതിയിലെ വീടുകൾക്കു മുന്നിലൂടെ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം കിട്ടാൻ വഴിയില്ലെന്ന് സ്ത്രീകൾ പറയുന്നു. ഉന്നതിയിൽ നിന്നും നാലും അഞ്ചും കിലോമീറ്റർ ദൂരെ വൻമലയിലെ ഉറവകളിൽ നിന്നും ഹോസു വഴിയാണ് ഓരോ കുടുംബങ്ങളും വീടുകളിൽ വെള്ളം എത്തിക്കുന്നത്. ഈ ഹോസുകൾ ആനകൾ ചവിട്ടി നശിപ്പിക്കും. അതിനാൽ ദിവസവും ഹോസു റിപ്പയർ ചെയ്യാൻ മല കയറി പോകണം.
കഴിഞ്ഞദിവസം അങ്കണവാടി കുട്ടികൾക്കുള്ള വെള്ളത്തിനായി മല കയറി ഹോസ് സ്ഥാപിക്കാൻ പോയ സ്ത്രീകളുടെ സംഘത്തിലെ ഒരാളെ ആന ഓടിച്ച സംഭവമുണ്ടായി. മറ്റുള്ളവർ ബഹളം വച്ചപ്പോൾ ആന പിന്മാറിയത് രക്ഷയായി. നബാർഡിന്റെ കുടിവെള്ള പദ്ധതിയും ഉന്നതിയിൽ ലക്ഷ്യം കണ്ടിട്ടില്ല. ഇതിനാൽ വേനൽ രൂക്ഷമാകുന്നതോടെ കുടുംബങ്ങൾ വെള്ളമുള്ള ഉൾക്കാടുകളിലേക്ക് താമസം മാറുമെന്ന് അങ്കണവാടി വർക്കർ മിനി പറഞ്ഞു.
District News
വാടാനപ്പിള്ളി: കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രശ്നത്തിനു പരിഹാരം കാണാത്തതിനെ തുടർന്ന് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അസി. എൻജിനിയറെ ഓഫീസിൽ കയറി വളഞ്ഞ് വീട്ടമ്മമാരുടെ പ്രതിഷേധം.
നടുവിൽക്കര പാലം പരിസരത്തെ കുടുംബങ്ങളാണ് സഹികെട്ട് കുട്ടിവെള്ളത്തിനായി സമര രംഗത്ത് ഇറങ്ങിയത്. പാലത്തിനു തെക്കുപടിഞ്ഞാറ് ഭാഗത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. മാസങ്ങളായി കനോലി പുഴയുടെ തീരദേശത്ത് താമസിക്കുന്ന 23 കുടുംബങ്ങൾ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. മുറവിളിയെ തുടർന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ 150 മീറ്ററോളം ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതോടെ ടാപ്പുകളിൽ വെള്ളം എത്തിയിരുന്നു. എന്നാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിന്നീട് ടാപ്പുകളിൽ വെള്ളമെത്തിയില്ല. ഇതോടെയാണ് പ്രദേശത്തെ കുടുംബങ്ങൾ വീണ്ടും വലഞ്ഞത്.
നട്ടംതിരിഞ്ഞ വീട്ടമ്മമാർ വാർഡ് അംഗം റെജീന രാജുവിന്റെ നേതൃത്വത്തിൽ തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അഥോറിറ്റി ഓഫീസിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. ഓഫീസിൽ കയറി ഉദ്യോഗസ്ഥയെ വളഞ്ഞു. മാസങ്ങളായി കുടിവെള്ളത്തിന് നട്ടം തിരിയുകയാണെന്നും 650 രൂപ ചെലവാക്കിയാണ് ടാങ്ക് വെള്ളം വാങ്ങി കൊണ്ടുവരുന്നതെന്നും വീട്ടമ്മമാർ ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. വിവരം അറിഞ്ഞ് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ. സുധീഷ്, പഞ്ചായത്ത് അംഗം എം. എസ് .സുജിത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സിപിഎം നേതാക്കളായ കെ.എ. വിശ്വംഭരൻ, ഷാജുദ്ദീൻ, കെ. കെ. അനിൽകുമാർ എന്നിവരും സ്ഥലത്ത് എത്തി.
പരിഹാരം കണ്ടില്ലെങ്കിൽ പിരിഞ്ഞുപോകില്ലെന്നും കുത്തിയിരിപ്പുസമരം നടത്തുമെന്നും വീട്ടമ്മമാർ തറപ്പിച്ചുപറഞ്ഞു. പുതിയ പൈപ്പ് സ്ഥാപിച്ചശേഷം വെള്ളം എത്തിയെന്നും പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങിയതെന്നും പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള വിതരണം ആരംഭിച്ചതായും അടുത്ത ദിവസത്തിനുള്ളിൽ വെള്ളം എത്തിയില്ലെങ്കിൽ പരിശോധന നടത്തി തടസം നീക്കി വെള്ളം എത്തിക്കുമെന്ന ഉദ്യോഗസ്ഥയുടെ ഉറപ്പിലാണ് വീട്ടമ്മമാരുടെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
ഇനിയും വെള്ളം എത്തിയില്ലെങ്കിൽ വീണ്ടും ശക്തമായ സമരവുമായി ഇറങ്ങുമെന്ന് വീട്ടമ്മമാർ മുന്നറിയിപ്പു നൽകി. സമരത്തിന് മിനി സുധർമൻ, ധന്യ, നസീറ, സജിനി, കബീർ എന്നിവർ നേതൃത്വം നൽകി. പുഴയോര മേഖലയിലെ കിണറുകളിൽ ഉപ്പു വെള്ളമായതോടെ ഇവിടത്തുകാർ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം വാട്ടർ അഥോറിറ്റിയുടെ ടാപ്പുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ കുടിവെള്ള വിതരണമാണ് മാസങ്ങളായി നിലച്ചത്.
District News
രാമങ്കരി: വേനലിൽ കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടം നടത്തുമ്പോൾ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം ദിനം പ്രതി പാഴാകുന്നു. മിത്രക്കരി പള്ളി റോഡിൽ ഹൈസ്ക്കൂളിന് സമീപവും രാമങ്കരി പഞ്ചായത്ത് എസി റോഡിലെ മാമ്പുഴക്കരി ജംഗ്ഷന് സമീപവും, രാമങ്കരി രണ്ടാം വാർഡിൽ ചേന്നാട്ട്ശ്ശേരി ഭാഗം എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം ആഴ്ചകളായി പാഴായിക്കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് മിത്രക്കരി, മാമ്പുഴക്കരി ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്.
പൈപ്പുകൾ ദിവസങ്ങളായി പൊട്ടിക്കിടക്കുന്നതിനാൽ ഹൗസ് കണക്ഷനുകളിൽ പോലും കലങ്ങിയതും ചെളികലർന്നതുമായ വെള്ളമാണ് ലഭിക്കുന്നത്. അതിനാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും വെള്ളം വിലകൊടുത്തു വാങ്ങിയാലാണ് പിടിച്ചു നില്ക്കാൻ കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു. സംഭവം പല പ്രാവിശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസവും നൂറ് കണക്കിന് രൂപ കുടിവെള്ളത്തിന് മാത്രമായി കണ്ടെത്തിയാൽ മാത്രമെ കഴിയാൻ സാധിക്കു എന്നതാണ് നിലവിലെ സ്ഥിതി. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ഏത്തായി ദേശീയപാതയിൽ കുടിവെള്ളം പാഴാകുന്നു. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത സർവീസ് റോഡിലാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായിപ്പോകുന്നത്.
പൈപ്പ് പൊട്ടിയതുമൂലം റോഡിൽ വലിയ കുഴികളാണു രൂപപ്പെട്ടത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതു പതിവാണ്. ദേശീയപാതയിലുള്ള കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടതു ദേശീയപാത കരാർ കമ്പനിയെന്നാണ് വാട്ടർ അഥോറിറ്റി പറയുന്നത്.
ദേശീയപാത അധികൃതർ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണിത്. ഇപ്പോഴും ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അടിയന്തരമായി കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ മിഷന്റെ (ജെഎംഎം) ഭാഗമായി രാജ്യത്തെ 77.9 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ കുടിവെള്ളമെത്തി. ശുദ്ധജലം വീടുകളിലെത്തിക്കാനായത് ജലജന്യ രോഗങ്ങൾ കുറയ്ക്കുന്നതിന് കാരണമായെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് 2019 ഓഗസ്റ്റിലാണ് ജെഎംഎം പദ്ധതി ആരംഭിച്ചത്. ആരംഭഘട്ടത്തിൽ 17 ശതമാനം കുടുംബങ്ങളിലാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ അതു ലക്ഷ്യത്തിലേക്കടുക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളിലും അങ്കണവാടികളിലും പദ്ധതിയുടെ ഭാഗമായി പൈപ്പുവഴി കുടിവെള്ളം എത്തിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുക, ഹാജർ പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട പഠനാനുഭവങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനും ജെജെഎം പദ്ധതി സഹായമായിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിൽ പിന്നിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
District News
ചമ്പക്കുളം: കുടിവെള്ളം നൽകാമെന്ന് വാഗ്ദാനം നൽകി കുട്ടനാട്ടിലെ മുഴുവൻ ജനങ്ങളെയും ഇടതുപക്ഷ എം എൽഎമാർ ഇരുപതുവർഷമായി കബളിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ റെജി ചെറിയാൻ.
പുളിങ്കുന്ന് മണ്ഡലം നിശാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലാലിച്ചൻ മര്യാലയം അധ്യക്ഷത വഹിച്ചു. ജോസ് കോയിപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
ഉന്നതാധികാരസമിതിയംഗം സണ്ണി തോമസ് കളത്തിൽ, നിയോജകമണ്ഡലം ഭാരവാഹികളായ ജോബിൾ പെരുമാൾ, ലാൽ വയലാർ, അരുൺ ഫിലിപ്പ്, ജോസ്കുട്ടി പുളിങ്കുന്ന്, സാബു കോയിപ്പള്ളി, കുഞ്ഞുമോൻ പുത്തൻപുര, ജോണപ്പൻ തൈത്തറ, ബിൻസൺ, ബിജു തോമസ്, സോണി പുത്തൻപുര, സിബിച്ചൻ മൈലാതറ എന്നിവർ പ്രസംഗിച്ചു.